History


തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍

പൊതുവിദ്യാലയങ്ങളും പൊതുവിദ്യാഭ്യാസവും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഇക്കാലത്ത് പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ നെടും തൂണായി മാറാന്‍ മികവാര്‍ന്ന ചരിത്രനേട്ടങ്ങളിലൂടെ നമ്മുടെ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. ഒന്നാംക്ലാസ്സ് മുതല്‍ ഹയര്‍ സെക്കണ്ടറി ക്ലാസ്സ് വരെ 4000 ത്തില്‍ അധികം വിദ്യാര്‍ത്ഥികള്‍ അധ്യയനം നടത്തുന്ന ഈ വിദ്യാലയം, പഠനരംഗത്തും, കലാ കായിക ശാസ്ത്ര സാഹിത്യ രംഗങ്ങളിലും സംസ്ഥാനത്തെ ഏറ്റവും മികച്ച പൊതുവിദ്യാലയങ്ങളില്‍ ഒന്നാണ്. കുട്ടികളുടെ മുഴുവന്‍ ശേഷികളും കണ്ടെത്തി പരിപോഷിപ്പിക്കുന്നതോടൊപ്പം സഹജീവികളോട് സ്നേഹവും കരുണയും പുലര്‍ത്തുന്ന മാനവികത വളര്‍ത്തിയെടുക്കുകയാണ് സ്കൂളിന്റെ ലക്ഷ്യം.
ചരിത്ര പ്രസിദ്ധമായ കാപ്പാട് കടല്‍ത്തീരത്തുനിന്ന് ഏകദേശം 2 കിലോമീറ്റര്‍ കിഴക്കുമാറി ദേശീയപാതയോട് ചേര്‍ന്നാണ് തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.
സാമൂഹികമായി പിന്നോക്കം നിൽക്കുന്നവരെ ലക്ഷ്യമാക്കിക്കൊണ്ട് 1925-26 ലാണ് തിരുവങ്ങൂരിൽ ഒരു ലേബർ സ്കൂൾ ആരംഭിക്കുന്നത്. അന്ന് ആ വിദ്യാലയത്തിന് കെട്ടിടമുണ്ടാക്കിക്കൊടുത്തത് തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ സ്ഥാപക മാനേജരായിരുന്ന ശ്രീ. ടി.കെ. ഗോവിന്ദൻ നായരുടെ പിതാവായ ഉണിച്ചാത്തൻ നായരായിരുന്നു. ഇതേകാലത്ത് തിരുവങ്ങൂർ അങ്ങാടിയുടെ കിഴക്ക്ഭാഗത്ത് ഒരു പ്രൈമറി സ്കൂളും പ്രവർത്തിച്ചിരുന്നു. കൂടാതെ ഇതേ കോമ്പൗണ്ടിൽ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ ഒരു ഗേൾസ് പ്രൈമറി സ്കൂളും പ്രവർത്തിച്ചിരുന്നു. ഈ മൂന്ന് വിദ്യാലയങ്ങളും ഏകോപിപ്പിച്ചുകൊണ്ട് 1939 ൽ ബ്രിട്ടീഷ് ഗവൺമെന്റ് തിരുവങ്ങൂർ മിക്സഡ് എലമന്ററി സ്കൂൾ എന്ന പേരിൽ ഒരു എയ്ഡഡ് സ്കൂളിന് രൂപം നൽകി. അതിന്റെ ഒന്നാമത്തെ മാനേജരായി നിയുക്തനായത് ശ്രീ. ടി.കെ. ഗോവിന്ദൻ നായരായിരുന്നു. 1958 ൽ ഈ വിദ്യാലയം അപ്പർ പ്രൈമറി ആയും 1966 ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ശ്രീ. കണ്ണൻ മാസ്റ്ററായിരുന്നു ഈ വിദ്യാലത്തിന്റെ പ്രധമ പ്രധാനാധ്യാപകൻ. നീണ്ട 23 വർഷക്കാലം അദ്ദേഹം ഈ വിദ്യാലത്തിന്റെ പ്രധാനാധ്യാപകനായി തുടർന്നു. 1969 ലായിരുന്നു ആദ്യ എസ്.എസ്.എൽ.സി ബാച്ച് പുറത്തിറങ്ങിയത്. 2000 ത്തിൽ വിദ്യാലയം ഹയർസെക്കണ്ടറിയായി ഉയർത്തപ്പെട്ടു. ശ്രീ. ടി.കെ ജനാര്‍ദ്ദനന്‍ നായരാണ് സ്കൂളിന്റെ ഇപ്പോഴത്തെ മാനേജര്‍.

No comments:

Post a Comment